Latestകണ്ണൂര്‍കേരളം

ദുരൂഹത മാറാതെ പിലാത്തറയിലെ കാർ കവർച്ച, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ്. ആക്രമിക്കപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്നവരുടെയും കാറുടമയുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ച 32 പവൻ സ്വർണവും ഒന്നരകോടി രൂപയും നഷ്ടമായതായാണ് സൂചന.

ആക്രമിക്കപ്പെട്ടുവെന്നും 25 ഗ്രാം സ്വർണം മാത്രം നഷ്ടമായെന്നുമാണ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലിന്തർ നിഗം നൽകിയ പരാതി. ദുരൂഹത ഇപ്പോഴും ബാക്കിയാണ്. വൻകവർച്ച നടന്നുവെന്നാണ് പൊലീസ് നിഗമനം. കാറിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ കാറുടമ അശോക് യശ്വന്തിന്‍റെ ഒന്നരക്കോടി രൂപയും 256 ഗ്രാം സ്വർണവുമുണ്ടായിരുന്നു എന്നാണ് സൂചന. ഈ വിവരമറിഞ്ഞെത്തിയ സ്വർണം പൊട്ടിക്കൽ സംഘമാണ് ആസൂത്രിതമായ കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് കരുതുന്നു.

അശോകിന്റെയും കുമാറിന്റെയും യാത്ര മനസിലാക്കിയ അടുപ്പക്കാർ തന്നെ വിവരം അക്രമികൾക്ക് കൈമാറിയതായാണ് വിവരം. കുമാറിന്റെ കുടുംബത്തിന്റെ മൊഴിയും പൊലീസ് ശേഖരിച്ചു. ആവശ്യമെങ്കിൽ കുമാറിനെയും ഡ്രൈവർ സച്ചിനെയും അശോകിനെയും പൊലീസ് ചോദ്യം ചെയ്യും. റൂറൽ എസ് പിയുടെ സാന്നിധ്യത്തിൽ സ്വർണ്ണ വ്യാപാരികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.