പിണറായി വിജയൻ്റെ Z+ സുരക്ഷ പൂര്‍ണ്ണമായും ഒഴിവാക്കി
തി രുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നല്‍കിയിരുന്ന അതിസുരക്ഷാ സംവിധാനങ്ങളില്‍ വൻ വെട്ടിക്കുറയ്ക്കല്‍.അദ്ദേഹം പ്രതിപക്ഷ നേതാവായതോടെ നിലവിലുണ്ടായിരുന്ന ‘Z+’ കാറ്റഗറി സുരക്ഷ പൂർണ്ണമായും ഒഴിവാക്കി.
മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പരിഗണനകള്‍ മുൻനിർത്തി ഇനി മുതല്‍ ‘വൈ’ കാറ്റഗറി സുരക്ഷ മാത്രമായിരിക്കും പിണറായി വിജയന് ലഭിക്കുക. സുരക്ഷാ വിഭാഗം പുനഃക്രമീകരിച്ചതോടെ ഔദ്യോഗിക ഗണ്മാൻമാർ ഇനി അദ്ദേഹത്തിനൊപ്പം ഉണ്ടാകില്ല. പകരം രണ്ട് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസർമാരെ അനുവദിച്ചിട്ടുണ്ട്. അകമ്പടി സേവിച്ചിരുന്ന എസ്കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും.
അദ്ദേഹത്തിന്റെ വസതിയിലും ഇനി മുതല്‍ സാധാരണ രീതിയിലുള്ള പോലീസ് സുരക്ഷ മാത്രമാണുണ്ടാകുക. സുരക്ഷ കുറച്ചതോടെ, മുഖ്യമന്ത്രിയുടെ മുൻ ഗണ്‍മാനെ സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവാക്കി. ഇയാള്‍ തിരികെ പൊലീസിലേക്ക് മടങ്ങുകയും ചെയ്തു. 2023 ഡിസംബറിലുണ്ടായ മർദ്ദന സംഭവത്തില്‍ യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ക്രൈംബ്രാഞ്ച് എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.
