Latestകേരളം

കുറ്റ്യാടി സ്കൂളിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട് :സ്കൂള്‍ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റുന്ന ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ഷീറ്റ് പൊട്ടി താഴേക്ക് വീണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരണപ്പെട്ടു.യു.പി ഫൈസാബാദ് സുഹാവല്‍ മംഗല്‍സി സ്വദേശി ജമാല്‍ കാമിലിന്റെ മകൻ മുഹമ്മദ് ഹംസ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത് .

ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്. ഐഡിയല്‍ പബ്ലിക് സ്കൂളിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റുന്ന ജോലിക്കായി എത്തിയതായിരുന്നു മുഹമ്മദ് ഹംസ. ജോലി പൂർത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടയില്‍ മേല്‍ക്കൂരയിലെ പോളികാർബണേറ്റ് ഷീറ്റില്‍ അബദ്ധത്തില്‍ കാല്‍ ചവിട്ടുകയായിരുന്നു.

ഭാരം താങ്ങാനാവാതെ ഷീറ്റ് പൊട്ടി യുവാവ് സ്കൂളിലെ ഇൻഡോർ ഗ്രൗണ്ടിലേക്ക് ഭയങ്കരമായ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.