ക്ഷേത്രത്തിൽ വൻ കവർച്ച, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി മോഷ്ടാവ്
ചാലാട് : കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത കള്ളൻ 20,000 രൂപയോളം മോഷ്ടിച്ചു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്രത്തിൻ്റെ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നശേഷം സെക്യൂരിറ്റി ജീവനക്കാരൻ്റെ മുറി പുറത്ത്നിന്ന് പൂട്ടി. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വഴിപാട് കൗണ്ടർ തകർത്തു. മേശവലിപ്പിൽ ഉണ്ടായിരുന്ന പണം കൈക്കലാക്കിയ കള്ളൻ, ഭണ്ഡാരം പൊളിക്കാനായി നടന്നു.
ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ് ഈ സമയം മുറിയിൽ നിന്ന് പുറത്തിറങ്ങി. ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. കയ്യിൽ കരുതിയ പിക്കാസ് കൊണ്ട് കള്ളൻ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയതതിനാലാണ് രക്ഷപ്പെട്ടത്. ഇതിനിടെ മതിൽ ചാടി കള്ളൻ രക്ഷപ്പെട്ടു. ജീവൻ പണയം വെച്ച് നടത്തിയ ഇടപെടലാണ് കൂടുതൽ മോഷണം തടയാൻ കഴിഞ്ഞത്. ഏകദേശം 20,000 രൂപയോളം മോഷണം പോയിട്ടുണ്ടെന്ന് ക്ഷേത്രം മാനേജർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനു ശേഷം ഷർട്ട് അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഒരു ബൈക്കിൻ്റെ താക്കോലും സ്ഥലത്ത് നിന് കിട്ടിയിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവിന്റെ വ്യക്തമായ ചിത്രമുണ്ട്. മലയാളി തന്നെയാണ് മോഷ്ടാവ് എന്നാണ് കരുതുന്നത്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധിച്ചു.
