Latestദേശീയം

ചില്ലറ തർക്കം,ഓടുന്ന ബസില്‍ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്.ടിക്കറ്റ് നല്‍കിയ ശേഷം ചില്ലറയെക്കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസില്‍ നിന്ന് തള്ളിയിറക്കിയ വനിതാ കണ്ടക്ടർ മരിച്ചു.തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക (24) ആണ് മരിച്ചത്. ഭദ്രാദ്രി കൊത്തഗുഡെം ജില്ലയില്‍ അശ്വപുരം മണ്ഡലത്തിലാണ് കണ്ടക്ടറുടെ മരണത്തിന് ഇടയാക്കിയ സംഭവം. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വനിതാ യാത്രക്കാരി ആദ്യം മകന് ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടക്ടറുമായി തർക്കത്തില്‍ ഏർപ്പെട്ടു. ഇതിന് ശേഷം ടിക്കറ്റ് എടുത്തപ്പോള്‍ നൂറ് രൂപ നല്‍കി.

ടിക്കറ്റ് ചാർജ് കഴിച്ചുള്ള തുക ഉടൻ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് യാത്രയുടെ ഒടുവില്‍ നല്‍കാമെന്ന കണ്ടക്ടറുടെ നിർദ്ദേശം അംഗീകരിച്ചില്ല. ഇതോടെ ഇരുവരും തർക്കത്തില്‍ ഏർപ്പെട്ടു.ഇതിനിടെ പ്രവല്ലികയെ യാത്രക്കാരി ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് പിടിച്ചു തള്ളി. തെറിച്ചു വീണ ഇവരുടെ കാലുകളിലൂടെ പിൻചക്രം കയറി ഇറങ്ങി.

ഒക്ടോബർ 25നാണ് സംഭവം നടന്നത്. ഹൈദരബാദില്‍ എത്തിച്ച്‌ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും പ്രവല്ലികയുടെ ജീവൻ രക്ഷിക്കാനായില്ല.വനിതാ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. യുവതിയുടെ മരണത്തില്‍ കടുത്ത പ്രതിഷേധം ഉയർന്നു. മരിച്ച പ്രവല്ലികയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും അമ്മയ്ക്ക് ജോലിയും സർക്കാറിന്റെ ‘ഇന്ദിരമ്മ’ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും നല്‍കുമെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പ്രഖ്യാപിച്ചു