Latestകേരളം

പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം

തിരുവനന്തപുരം.തലസ്ഥാനത്തെ കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം.ഇന്നലെ രാത്രി എട്ടരയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്.

പെട്രോള്‍ അടിച്ച തുകയെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവില്‍ കയ്യാങ്കളിയിലും ജീവനക്കാരെ തല്ലിച്ചതയ്ക്കുന്നതിലും കലാശിച്ചത്. കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചിരുന്നു.

എന്നാല്‍ പണം നല്‍കേണ്ട സമയം വന്നപ്പോള്‍ തുകയെച്ചൊല്ലി കാറിലുണ്ടായിരുന്നവർ തമ്മില്‍ പരസ്പരം തർക്കമായി. തുടർന്ന് ഇവർ പെട്രോള്‍ അടിച്ച ജീവനക്കാരനായ ഉണ്ണിയോട് തുക എത്രയെന്ന് ചോദിക്കുകയും, ഉണ്ണി കൃത്യമായ മറുപടി നല്‍കിയെങ്കിലും അതില്‍ തൃപ്തരാകാതെ മദ്യപസംഘം തെറിവിളിക്കാൻ തുടങ്ങുകയുമായിരുന്നു.

ചീത്തവിളി ചോദ്യം ചെയ്തതോടെ കാറിലിരുന്ന ഒരാള്‍ പുറത്തിറങ്ങി ഉണ്ണിയെ മർദ്ദിച്ചു. ഈ കയ്യാങ്കളിക്കിടെ അക്രമിയുടെ മുഖത്തേക്ക് പെട്രോള്‍ തെറിച്ചുവീണതോടെ, കാറിലുണ്ടായിരുന്ന രണ്ടാമനും പുറത്തിറങ്ങി ഉണ്ണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സഹപ്രവർത്തകനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന പമ്പിലെ മറ്റൊരു ജീവനക്കാരനായ രാജീവനെയും മദ്യപസംഘം വെറുതെവിട്ടില്ല. ഇവർ രാജീവനെയും ക്രൂരമായി മർദ്ദിച്ച ശേഷമാണ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.

ആക്രമണത്തെ തുടർന്ന് പമ്പ് ഉടമ തുമ്പ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.