യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ. യുപിഐ വഴി 2,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന പേയ്മെന്റുകള്‍ക്ക് വ്യാപാരികള്‍ 0.4 ശതമാനം ഫീസ് നല്‍കേണ്ടിവരുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
പുതിയ ഉത്തരവ് പ്രകാരം വ്യക്തികള്‍ തമ്മിലുള്ള സാധാരണ പണമിടപാടുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. വ്യാപാരികളില്‍ നിന്ന് മാത്രമാണ് ഈ തുക ഈടാക്കുക. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് തികച്ചും സൗജന്യമായി യുപിഐ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്നറിയപ്പെടുന്ന ഈ ഫീസ് അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആര്‍ നിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഒരു ഇടപാടിന് പരമാവധി 300 രൂപയാണ് ഈടാക്കുക. അതായത്, ഒരു വ്യാപാരിക്ക് യുപിഐ വഴി 75,000 രൂപയോ അതില്‍ കൂടുതലോ ലഭിക്കുകയാണെങ്കിലും എംഡിആര്‍ ഫീസ് 300 രൂപയില്‍ കൂടില്ല. റെയില്‍വേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.
