പശ്ചിമ ബംഗാളിൽ ബലാത്സംഗ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശിയായ പ്രഹ്ലാദ് ദാസ്(23) ആണ് മരിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗായ്ഘട്ടയിലാണ് സംഭവം. മൂന്നു മാസത്തിനിടെ ബംഗാളിൽ നടക്കുന്ന സമാനമായ രണ്ടാമത്തെ പൊലീസ് എൻകൗണ്ടറാണിത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പ്രതിയായ പ്രഹ്ലാദ് ദാസിനെ തെളിവെടുപ്പിനായി ഗായ്ഘട്ടയിലെ സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത്. തെളിവെടുപ്പിനിടയിൽ പ്രതി പൊലീസിൻ്റെ തോക്ക് തട്ടിയെടുത്ത് പൊലീസുകാർക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്വയരക്ഷക്കായി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ദാസിനെ ഉടൻ തന്നെ അടുത്തിള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
