Latestകേരളം

ആലപ്പുഴയില്‍ ബൈക്കപകടത്തില്‍ 22 കാരനും 20 കാരിക്കും ദാരുണാന്ത്യം

ആലപ്പുഴയില്‍ ബൈക്കപകടത്തില്‍ 22 കാരനും 20 കാരിക്കും ദാരുണാന്ത്യം. ദേശീയപാതയില്‍ വണ്ടാനത്ത് ഇന്നലെ രാത്രി 11. 50 നായിരുന്നു അപകടം.അർത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ നിന്ന് സർവീസ് റോഡിലേക്ക് തിരിയവേ ബൈക്കില്‍ ലോറി തട്ടി എന്നാണ് പ്രാഥമിക വിവരം.

പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഖില്‍ കൃഷ്ണന്റെ ജീവനും രക്ഷിക്കാനായില്ല. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്. പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും. സംഭവത്തില്‍ പുന്നപ്ര പോലീസ് കേസെടുത്തു