Latestകേരളം

യാത്രക്കാരുടെ ശ്രദ്ധക്ക്‌..കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ ചിലത് വൈകിയോടുന്നു

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ ചിലത് വൈകിയോടുന്നു. ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി, ചണ്ടിഗർ-തിരുവനന്തപുരം നോർത്ത് സമ്പർക്കക്രാന്തി, യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് ഉള്‍പ്പടെ അഞ്ച് ട്രെയിനുകളാണ് ഇന്ന് വൈകിയോടുന്നത്.

ചണ്ടിഗർ-തിരുവനന്തപുരം നോർത്ത് സമ്പർക്കക്രാന്തി എക്സ്പ്രസ് നിലവില്‍ രണ്ട് മണിക്കൂർ വൈകിയോടുന്നു. രാവിലെ 6.05ന് തൃശൂരില്‍ എത്തേണ്ട സമ്പർക്കക്രാന്തി എട്ടുമണിക്ക് ശേഷമാണ് എത്തിച്ചേർന്നത്. മംഗള ലക്ഷദ്വീപ് നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. രാവിലെ ഏഴരയോടെ എറണാകുളത്ത് എത്തേണ്ട ഈ ട്രെയിൻ 10 മണിക്ക് ശേഷമായിരിക്കും എത്തുകയെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് നിലവില്‍ മൂന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ രാവിലെ 8.10ന് എറണാകുളം നോർത്തില്‍ എത്തേണ്ട ഗരീബ് രഥ് ഉച്ചയ്ക്ക് 12 മണിയോടെ മാത്രമായിരിക്കും എത്തിച്ചേരുക.

ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് നിലവില്‍ രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. 12.20ന് എറണാകുളത്ത് എത്തേണ്ട ഈ ട്രെയിൻ രണ്ട് മണിക്ക് ശേഷമായിരിക്കും എത്തുകയെന്നാണ് റെയില്‍വേ സൂചിപ്പിക്കുന്നത്.

ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് നിലവില്‍ 10 മണിക്കൂറിലേറെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 7.10ന് തിരുവനന്തപുരത്ത് എത്തേണ്ട വിവേക് എക്സ്പ്രസ് നാളെ രാവിലെ അഞ്ച് മണിക്ക് ശേഷമായിരിക്കും എത്തുകയെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്.