Latestകേരളം

കാസര്‍ഗോഡ് ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറില്‍ വീട്ടമ്മയ്ക്ക്‌ പരിക്ക്

കാസർഗോഡ് :ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് സാരമായ പരിക്ക്.പള്ളിക്കര പൂച്ചക്കാടിന് സമീപത്ത് വച്ചുണ്ടായ സംഭവത്തില്‍ നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി അനിത(48)ക്കാണ് പരിക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ അനിത കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇൻ്റർ സിറ്റി എക്സ്പ്രസിന് നേരെ 12.05ഓടെയാണ് കല്ലേറുണ്ടായത്. മംഗളൂരു കെഎംസി ആശുപത്രിയില്‍ മകനോടൊപ്പം പോയി തിരിച്ചുവരികയായിരുന്നു. ട്രെയിനിലെ ഇടതുഭാഗം മധ്യത്തിലുള്ള കംപാർട്ടുമെന്റിലാണ് ഇരുന്നിരുന്നത്. ജനാലകമ്പിയില്‍ തട്ടിയ കല്ല് തെറിച്ച്‌ കണ്ണില്‍ പതിക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറിയാണ് വലതു കണ്ണിന്താഴെ മുറിവായത്. റെയില്‍വെ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ ട്രാക്കിലൂടെ ഏറെദൂരം നടന്നുപോകുന്നതായി തെളിഞ്ഞിട്ടുണ്ടെങ്കിലും 800 മീറ്ററോളം അകലെയുള്ള ദൃശ്യമായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന റെയില്‍വേ എസ്‌ഐ ഡി എസ് സനില്‍ കുമാർ പറഞ്ഞു. മാനസിക രോഗിയായിരിക്കാമെന്നും സംശയിക്കുന്നുണ്ട്. തൊട്ടടുത്ത കാഞ്ഞങ്ങാട് സ്റ്റേഷൻ മുതല്‍ ഏഴിമല വരെയുള്ള എല്ലാ സ്റ്റേഷനുകളിലും ഇത്തരമൊരാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു