Latestകണ്ണൂര്‍കേരളം

പാനൂരില്‍ വീടിന്റെ ഓട് മാറ്റുന്നതിനിടെ മുകളില്‍ നിന്ന് വീണ തൊഴിലാളിക്ക് രക്ഷകനായി സഹപ്രവര്‍ത്തകൻ

കണ്ണൂർ: പാനൂർ തൂവക്കുന്നില്‍ ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയല്‍വാസി.വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഓട് മാറ്റുന്നതിനിടയില്‍ കാല്‍ തെറ്റി താഴേക്ക് വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ വാഹനത്തില്‍ നിന്നും കപ്പിയും കയറും ഉപയോഗിച്ച്‌ ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു.

ഇത്രയും ഉയരത്തില്‍ നിന്നുള്ള വീഴ്ചയായിരുന്നിട്ടും രഞ്ജിഷിന്റെ സമയബന്ധിതമായ ഇടപെടല്‍ കാരണം ചന്ദ്രി ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് തന്റെ കൈകള്‍ കൊണ്ട് ചന്ദ്രിയെ താങ്ങിപ്പിടിച്ചു. രഞ്ജിഷ് പിടിച്ചില്ലായിരുന്നെങ്കില്‍ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച്‌ ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു.

രഞ്ജിഷിന്റെ ഇടപെടല്‍ മൂലം വീഴ്ചയുടെ ആഘാതം പരമാവധി കുറയ്ക്കാനായി. താഴെ നിർത്തിയിട്ടിരുന്ന വാഹനത്തില്‍ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാല്‍ വലിയ രീതിയിലുള്ള പരുക്കുകള്‍ ഉണ്ടായില്ല.

ചന്ദ്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. രക്ഷകനായി എത്തിയ രഞ്ജിഷും അപകടത്തില്‍പ്പെട്ട ചന്ദ്രിയും കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശികളാണ്. ഇവർ രണ്ടുപേരും ഒരുമിച്ചാണ് പാനൂരിലെ വീട്ടില്‍‌ ജോലിയ്ക്കെത്തിയത്.