Latestദേശീയം

ആഗ്രയിൽ പാര്‍ക്കില്‍ സിപ്‌ലൈൻ കയര്‍ പൊട്ടി അപകടം: 16 കാരന് ദാരുണാന്ത്യം

ആഗ്ര.പാർക്കില്‍ സിപ്‌ലൈൻ കയർ പൊട്ടി വീണ് 16 വയസ്സുകാരൻ മരിച്ചു. 45 അടി ഉയരത്തില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.ആഗ്രയിലെ താജ്‌ഗഞ്ച് പ്രദേശത്തുള്ള ഒരു വിനോദ കേന്ദ്രത്തില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഈ സംഭവം നടന്നത്.

ഫിറോസാബാദിലെ വളക്കച്ചവടക്കാരനായ പങ്കജ് അഗർവാളിന്റെ മകൻ കുനാല്‍ അഗർവാള്‍ ആണ് മരിച്ചത്. കുനാല്‍ കുടുംബത്തോടൊപ്പം അവധിദിവസം ആഘോഷിക്കാൻ ഇവിടെ എത്തിയതായിരുന്നു. 45 അടി ഉയരത്തില്‍ സിപ്‌ലൈൻ റൈഡ് ചെയ്തുകൊണ്ടിരിക്കെ കയർ പെട്ടെന്ന് പാതിവഴിയില്‍ വെച്ച്‌ പൊട്ടിപ്പോവുകയും കുനാല്‍ താഴേക്ക് വീഴുകയുമായിരുന്നു.

കുനാല്‍ താഴെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് വീഴുന്നതും അവിടെ നിന്ന് നിലത്തേക്ക് പതിക്കുന്നതുമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകട വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.