ഹരിപ്പാട് 19കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നവജാതശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. അവിവാഹിതയായ 19 വയസുകാരിയാണ് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞിനെ വണ്ടാനം ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഠിനമായ വയറുവേദനയെന്ന് പറഞ്ഞാണ് 19 വയസുകാരി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയ്‌ക്കൊപ്പം പിതാവും സഹോദരങ്ങളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടയുടന്‍ തന്നെ ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അത് നിഷേധിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയ്ക്ക് ശുചിമുറിയില്‍ പോകണമെന്ന് പറയുകയും അവിടെ വച്ച് പ്രസവിച്ച് ഉടന്‍ തന്നെ കുഞ്ഞിനെ ശുചിമുറിയുടെ പുറത്തേക്ക് ജനലിലൂടെ വലിച്ചെറിയുകയുമായിരുന്നു.
നവജാതശിതുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരാണ് കുഞ്ഞിന് ഉടന്‍ തന്നെ ചികിത്സ ഉറപ്പാക്കിയത്. ശുചിമുറിയില്‍ രക്തക്കറ കണ്ടതോടെ പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ ഉറപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
