Latestകേരളം

ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ വെള്ളത്തില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ.ജില്ലയില്‍ രണ്ടിടങ്ങളില്‍ വെള്ളത്തില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.മണ്ണഞ്ചേരി ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും പഞ്ചായത്ത് ആറാം വാർഡ് ഉടുമ്പിത്തറ ബിസ്മില്ല മൻസിലില്‍ സുഹൈല്‍ (ബാബു) -ഷാഹിദ ദമ്പതികളുടെ മകളുമായ നഫീസത്തുല്‍ മിസ്‌രിയ (എട്ട്), കുട്ടനാട് കൈനകരി കുട്ടമംഗലം സനീഷ് ഭവനില്‍ സുനിരാജ്- ഷീജമോള്‍ ദമ്പതികളുടെ മകള്‍ അനൈന സുബി (ആറ്) എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ റോഡില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ സംരക്ഷണ ഭിത്തിയില്ലാത്ത തോട്ടിലേക്ക് വീണാണ് നഫീസത്തുല്‍ മിസ്‌രിയ മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷന് കിഴക്ക് വാഴയില്‍ ഭാഗത്താണ് സംഭവം. കാലവർഷത്തെ തുടർന്ന് വെള്ളം നിറഞ്ഞ അങ്ങാടി തോട്ടിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ മാതാവ് ഷാഹിദയാണ് തോട്ടില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. കുട്ടിയെ രക്ഷിക്കാൻ തോട്ടിലേക്ക് ചാടിയ ഷാഹിദ ഒഴുക്കില്‍പെട്ടു.നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച്‌ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസത്തുല്‍ മിസ്‌രിയ മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 8.30 നാണ് കുട്ടമംഗലം ഗവ. എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി അനൈന സുബി അപകടത്തില്‍പെടുന്നത്.

രാവിലെ പല്ലുതേച്ച ശേഷം മുഖം കഴുകാനായി വീടിന് മമ്പിലെ പരുത്തിവളവ് തോട്ട് കടവിലേക്ക് പോയതാണ്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍നിന്ന് മൃതദേഹം കിട്ടിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

നഫീസത്തുല്‍ മിസ്‌രിയയുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. പോസ്‌റ്റുമോർട്ടത്തിന് ശേഷം പാണംതൈ തർബിയത്തുല്‍ ഇസ്‌ലാം മദ്റസയില്‍ പൊതുദർശനത്തിന് വെക്കും. തുടർന്ന് മണ്ണഞ്ചേരി കിഴക്കേ പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും. ഏക സഹോദരി: നാഫിയ.