കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേസിലെ വിചാരണയ്ക്കായി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും സർക്കാർ ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണം എന്നാണ് ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിച്ചുവെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചു. ഇതിനെതിരെയാണ് കെഎം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയും ഏകപക്ഷീയവുമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് എന്നാണ് കെഎം ബഷീറിന്റെ ഭാര്യ സി ജസീല ഹൈക്കോടതിയില്‍ ഉയര്‍ത്തിയ ഗുരുതര ആക്ഷേപം.
