ആദ്യം മൂത്ത മകളെ, മരണം ഉറപ്പാക്കിയ ശേഷം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നു,പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മ നിവേദ്യയുടെ കുറ്റസമ്മതം
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. അഞ്ചു വയസ്സുകാരിയായ മകൾ ജനിഫർ ജൂലിയറ്റിനെയും മൂന്നു വയസ്സുകാരനായ മകൻ റോബിൻ ക്രിസ്റ്റിഫറെയും താൻ തന്നെയാണ് കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നതെന്ന് അറസ്റ്റിലായ നിവേദ്യ പൊലീസിന് മൊഴി നൽകി.
മോഡലിങ് രംഗത്തേക്ക് പോകുന്നതിനും തുടർപഠനത്തിനും സ്വന്തമായി സ്വതന്ത്ര ജീവിതം നയിക്കുന്നതിനും കുട്ടികൾ തടസ്സമാണെന്ന് കണ്ടാണ് ഇരുവരെയും ഇല്ലാതാക്കിയതെന്ന് ചോദ്യം ചെയ്യലിൽ നിവേദ്യ സമ്മതിച്ചു.ചൊവ്വാഴ്ച രാവിലെ കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ നിന്ന് കുട്ടികൾ വെള്ളത്തിൽ കളിക്കുകയായിരുന്നു. ഈ സമയത്താണ് നിവേദ്യ ക്രൂരകൃത്യം നടത്തിയത്.
ആദ്യം മൂത്ത മകൾ ജനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ച് ടാങ്കിലെ വെള്ളത്തിലേക്ക് താഴ്ത്തിപ്പിടിച്ചു. മകൾ പൂർണ്ണമായും ശ്വാസമറ്റ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അടുത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരനായ മകൻ റോബിനെ അടുത്തേക്ക് എടുത്തത്. മകനെ ടാങ്കിലെ വെള്ളത്തിലേക്ക് തള്ളിയിട്ട ശേഷം മുതുകിൽ ബലമായി പിടിച്ച് താഴേക്ക് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിവേദ്യ മൊഴി നൽകി.
