Latestകേരളം

തുലാവര്‍ഷം വരുന്നു: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറഞ്ഞതിന് പിന്നാലെ കേരളത്തില്‍ തുലാവര്‍ഷത്തില്‍ പ്രാദേശികമായി മഴയില്‍ വലിയ വ്യത്യാസത്തിന് സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് പൊതുവെ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍ കേരളത്തില്‍ മഴയുടെ തോത് പ്രാദേശികമായി വ്യത്യാസപ്പെടാം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും തുലാവര്‍ഷ മഴയെ കാര്യമായി സ്വാധീനിക്കും.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ കേരളത്തില്‍ 1,446.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ കാലവര്‍ഷമാണിത്. തുലാവര്‍ഷ കാലത്ത് പകല്‍ താപനില സാധാരണയേക്കാള്‍ ഉയര്‍ന്നേക്കാം. ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്