Latestദേശീയം

വനിതാ ക്രിക്കറ്റര്‍ മരിച്ച നിലയില്‍, പിന്നില്‍ മാനസിക പീഡനമെന്ന് മാതാപിതാക്കള്‍

തെലങ്കാനയില്‍ നിന്നുള്ള വനിതാ ക്രിക്കറ്ററായ 17കാരി ജീവനൊടുക്കി. വികറാബാദ് സ്വദേശിയായ നന്ദിനിയാണ് മുത്തശ്ശിയുടെ വീട്ടില്‍ തൂങ്ങിമരിച്ചത്.അടുത്തയിടെയാണ് നന്ദിനിക്ക് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് സിലക്ഷന്‍ ലഭിച്ചത്. പഠനത്തിനൊപ്പം ക്രിക്കറ്റ് പരിശീലനവും തുടര്‍ന്ന് വരികയായിരുന്നു പെണ്‍കുട്ടി.

ബിസിസിഐയുടെ സിലക്ഷന്‍ നാട്ടുകാരും കോളജും ആഘോഷമാക്കിയിരുന്നു. പ്രണയം പറഞ്ഞ് യുവാവും സുഹൃത്തും പിന്നാലെ നടന്നത് ശല്യപ്പെടുത്തിയതാണ് നന്ദിനിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

അനില്‍ എന്ന യുവാവാണ് നന്ദിനിയോട് തനിക്ക് തീവ്രമായ പ്രണയമാണെന്നും വിവാഹം കഴിക്കണമെന്നും അഭ്യര്‍ഥിച്ച്‌ പിന്നാലെ നടന്നത്. എന്നാല്‍ തനിക്ക് 17 വയസ് മാത്രമാണ് പ്രായമെന്നും പ്രണയത്തെയോ വിവാഹത്തെയോ കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും നന്ദിനി അറിയിച്ചു. എന്നാല്‍ യുവാവ് പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. അനിലിന്‍റെ സുഹൃത്തായ കൃഷ്ണയും പ്രണയത്തിന് സമ്മതം മൂളാന്‍ നന്ദിനിയെ നിര്‍ബന്ധിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു.

മാനസിക പീഡനം താങ്ങാനാവാതെ വന്നതോടെയാണ് മകള്‍ ജീവനൊടുക്കിയതെന്നും മാതാപിതാക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് വിവരമറിഞ്ഞതെന്നും വേഗത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ നന്ദിനിയെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കുടുംബത്തിന്‍റെ പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി നന്ദിനിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.