പ്രധാനമന്ത്രിയും ജടായുപ്പാറയിലേക്ക്; സന്ദര്‍ശനം ഉടനെന്ന് സുരേഷ് ഗോപി
കൊല്ലം: ‘രാമായണ’ സിനിമയുടെ റിലീസിന് പിന്നാലെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ (ജടായു എര്‍ത്ത്സ് സെന്റര്‍) സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സിനിമയിലെ ജടായു കഥാപാത്രത്തിന് ജടായുപ്പാറയിലെ കൂറ്റന്‍ ശില്പവുമായി സാമ്യമുള്ളത് ടൂറിസം മേഖലയില്‍ വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ജടായുപ്പാറ സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പ്രധാനമന്ത്രി കൊല്ലത്ത് എത്തുന്ന കൃത്യമായ തീയതി ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.
