കരിപ്പൂരിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച് 1.46 കിലോ സ്വർണം കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ
കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ കണ്ണൂർ പാതിരിയോട് സ്വദേശി അസ്സു (47) അറസ്റ്റിലായി. 1,467 ഗ്രാമോളം തൂക്കം വരുന്ന സ്വർണമിശ്രിതമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 1.45ന് ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ധരിച്ചിരുന്ന ഷൂവിന്റെ രണ്ട് സോളുകൾക്കുള്ളിലും കറുത്ത തുണികൊണ്ട് പൊതിഞ്ഞാണ് സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്.
ഒരു ഷൂവിന്റെ സോളിൽ 733.6 ഗ്രാമും മറ്റേതിൽ 733.4 ഗ്രാമുമാണ് ഒളിപ്പിച്ചത്. കരിപ്പൂർ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
പിടികൂടിയ സ്വർണവും പ്രതിയെയും പൊലീസ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
