വൈത്തിരിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ l മരിച്ചു
ബത്തേരി: പഴയ വൈത്തിരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. ബത്തേരി കടുത്ത പഴൂരിലെ മൂച്ചിയില്‍ വീട്ടില്‍ നാരായണന്‍ (44), ഭാര്യ ഷിജി (40), ഇളയ മകന്‍ അമ്മന്‍ (16) എന്നിവരാണു മരിച്ചത്.ഡോക്‌ടറെ കാണാന്‍ കോഴിക്കോട്ടേക്കു പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് ഇടിക്കുകയായിരുന്നു. നാരായണന്‍ സംഭവസ്‌ഥലത്തുതന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ഷിജിയെയും മകന്‍ അമനെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്കകം അവരും മരണത്തിനു കീഴടങ്ങുകയായിരുന്നു.
കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. നാരായണന്റെയും ഷിജിയുടെയും മൂത്ത മകന്‍ അഭിജിത്ത് വാഹനത്തില്‍ ഇല്ലായിരുന്നു. നാരായണന്റെ മൃതദേഹം വൈത്തിരി ഹോസ്‌പിറ്റലിലും ഷിജിയുടെയും അമനിന്റെയും മൃതദേഹങ്ങള്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും പോസ്‌റ്റുമോര്‍ട്ടം നടത്തി. മൂച്ചിയില്‍ വീട്ടില്‍ അറുമുഖന്‍-ലീല ദമ്പതികളുടെ മകനാണ് നാരായണന്‍. ഷിജിയുടെ പിതാവ് പരേതനായ കുഞ്ഞുകുട്ടന്‍. മാതാവ് ഭാനുമതി. ഏക സഹോദരന്‍ വിനീഷ്.
