Latestകണ്ണൂര്‍

ഇൻസ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാർഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയിൽ

കണ്ണൂർ : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി കെ.വി. അനുരാജിനെയാണ് തിരുവനന്തപുരം പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ പോക്സോ കേസുകളിലും പ്രതിയാണ്.

സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെ പ്രണയം നടിച്ച് പരിചയപ്പെട്ട പ്രതി, ഇവരുടെ വീടുകളിലെത്തി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ആദ്യം ഒരു വിദ്യാർഥിനിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാൾ പിന്നീട് സുഹൃത്തായ മറ്റൊരു വിദ്യാർഥിനിയുമായും ബന്ധം സ്ഥാപിച്ചു. പോത്തൻകോട് എത്തിയ പ്രതി വീട്ടിൽ ആളില്ലാത്ത സമയത്ത് ഒരു വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം, കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തായ രണ്ടാമത്തെ വിദ്യാർഥിനിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് രാത്രി വീട്ടുകാർ ഉറങ്ങിയ സമയത്താണ് പ്രതി മടങ്ങിയത്. സംഭവത്തിന് പിന്നാലെ രണ്ട് കുട്ടികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രതി ബ്ലോക്ക് ചെയ്തതായും പൊലീസ് പറഞ്ഞു.

പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധത്തെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യത്തെ വിദ്യാർഥിനിയുടെ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ കുട്ടിയും സമാനമായ അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്.

സംഭവത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നേരത്തെ രണ്ട് പോക്സോ കേസുകൾ കൂടിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.