Latestകണ്ണൂര്‍കേരളം

കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച്‌ ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂരില്‍ ഒൻപത് വയസ്സുകാരൻ പടക്കം പൊട്ടിത്തെറിച്ച്‌ മരിച്ചു.അഴീക്കോട് പുന്നക്കപ്പാറയില്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപമാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. പുന്നക്കപ്പാറ കുഞ്ഞികിഴക്കയില്‍ വീട്ടില്‍ അമാൻ ആണ് മരണപ്പെട്ടത്. അപകടത്തില്‍ മറ്റ് മൂന്ന് കുട്ടികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

യു ഡി എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ കുട്ടികള്‍ ഓഫീസിന് മുന്നിലിരുന്ന പടക്കങ്ങള്‍ എടുത്ത് കളിക്കുകയും തുടർന്ന് ഇത് പൊട്ടിക്കുകയുമായിരുന്നു.

കുട്ടികള്‍ തീ കൊളുത്തി എറിഞ്ഞ പടക്കങ്ങളില്‍ ഒന്ന് അമാന്റെ കഴുത്തില്‍ വന്നു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.