പ്രിയ വര്‍ഗീസിന്റെ നിയമനം; നിലപാട് മാറ്റി കണ്ണൂര്‍ സര്‍വകലാശാല, അഭിഭാഷകനെയും മാറ്റി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിലപാട് മാറ്റി കണ്ണൂര്‍ സര്‍വകലാശാല. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ വീഴ്ചയുണ്ടെന്നാണ് സര്‍വകലാശാലയുടെ പുതിയ നിലപാട്. സര്‍വകലാശാല ഇക്കാര്യം നാളെ സുപ്രിംകോടതിയെ അറിയിക്കും. സര്‍വകലാശാലയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനാകും ഹാജരാകുക. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകനെ മാറ്റിയത്.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കേസില്‍ മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സലും സിപിഐഎം സഹയാത്രികനുമായ കെ ആര് സുഭാഷ് ചന്ദ്രനാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്നത്. എസ്എഫ്ഐയില്‍ രാഗേഷും സുഭാഷും ഒരേ കാലയളവില്‍ പ്രവര്‍ത്തിച്ചവരാണ്. നിലവില്‍ സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവര്ത്തകന് കൂടിയാണ്. പുതിയ സ്റ്റാന്‍ഡിങ് കോണ്‍സലായി പി എസ് സുല്‍ഫിക്കര്‍ അലിയെ ആണ് നിയമിച്ചിരിക്കുന്നത്.
