സ്വർണ വില കൂടിയ സമയത്ത് ഇത് വേണോ പാമ്പേ….,കാസർഗോഡ് മേശവലിപ്പ് തുറന്നപ്പോള്‍ കണ്ടത് മോതിരമിട്ട പാമ്പിനെ
കാസർകോട് : അടൂരില്‍ നിന്ന് കൗതുകകരമായ ഒരു വാർത്ത പുറത്തുവരുന്നു.വീട്ടിലെ മേശവലിപ്പില്‍ കണ്ടെത്തിയ ഒരു പാമ്പിന്റെ ശരീരത്തില്‍ സ്വർണമോതിരം കുടുങ്ങിയ നിലയിലായിരുന്നു.
അടൂർ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാർ ഭയപ്പെട്ടെങ്കിലും ഉടൻ തന്നെ വനംവകുപ്പിന്റെ റെസ്ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വർണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു.
ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടർന്ന് സ്വർണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്. പാമ്പിനെ കണ്ട് ആദ്യം ആശങ്കപ്പെട്ടെങ്കിലും, മോതിരത്തില്‍ കുടുങ്ങിയ നിലയില്‍ അതിനെ കണ്ടത് വീട്ടുകാർക്കും കൗതുകമായി
