ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സർക്കാർ അറിയിച്ചു.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,582 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ 4.46 കോടി കടന്നു. ഇതുവരെ 5.30 ലക്ഷം പേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്.

ചൈനയ്ക്ക് പുറമെ സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുമ്പുള്ള ആർടി-പിസിആർ പരിശോധനാ ഫലം ആവശ്യമാണ്. യാത്രയ്ക്കിടെ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.