മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍
തിരുവനന്തപുരം: ചെന്നൈ- മംഗളൂരു, മാവേലി, മലബാര്‍ എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. മംഗളൂരു സെന്‍ട്രല്‍ – രാമേശ്വരം – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് ട്രെയിനുകളില്‍ രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.
16159/16160 ചെന്നൈ എഗ്മോര്‍ – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി ഉള്‍പ്പെടുത്തുമെന്ന് സോണല്‍ റെയില്‍വേ അറിയിച്ചു. പരിഷ്കരിച്ച കോച്ച് ഘടന ഇപ്രകാരമാണ് – ഒരു എസി ടു-ടയര്‍ കോച്ച്, രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍, 12 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, രണ്ട് ചെയര്‍ കാര്‍ കോച്ചുകള്‍, നാല് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം) എന്നിവ ഉള്‍പ്പെടും.
ചെന്നൈ എഗ്മോറില്‍ നിന്നുള്ള ട്രെയിനില്‍ സെപ്റ്റംബര്‍ 29 മുതലും മംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ട്രെയിനില്‍ ഒക്ടോബര്‍ ഒന്നു മുതലും മാറ്റം നിലവില്‍ വരും. കൂടാതെ, 16603/16604 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസിലും സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി കൂട്ടിച്ചേര്‍ക്കും.
മാവേലി എക്സ്പ്രസിലെ പരിഷ്കരിച്ച കോച്ച് ഘടന ഇപ്രകാരമാണ് – 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 1 എസി ടു-ടയര്‍ കോച്ച്, 5 എസി ത്രീ-ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 5 സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, 2 സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം). മംഗളൂരു സെന്‍ട്രലില്‍ നിന്ന് സെപ്റ്റംബര്‍ 30 മുതലും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒക്ടോബര്‍ 1 മുതലും ഈ മാറ്റം പ്രാബല്യത്തില്‍ വരും.
16630/16629 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസില്‍ സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി അധികമായി അനുവദിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് സെപ്റ്റംബര്‍ 28 മുതലും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സെപ്റ്റംബര്‍ 29 മുതലും ഈ മാറ്റം പ്രാബല്യത്തില്‍ വരും. പുതിയ കോച്ച് ഘടന – 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 1 എസി ടു-ടയര്‍ കോച്ച്, 5 എസി ത്രീ-ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 5 സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, 2 സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയാണ്.
