Latestകേരളം

അടുത്ത 3 മണിക്കൂര്‍ ശ്രദ്ധിക്കുക..; 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും. സുരക്ഷയ്ക്കായി താഴെ പറയുന്ന മുൻകരുതലുകള്‍ സ്വീകരിക്കുക:

വീടിനുള്ളില്‍: ശക്തമായ കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഇരിക്കാൻ ശ്രമിക്കുക.

വൈദ്യുതോപകരണങ്ങള്‍: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക.

ഫോണ്‍ ഉപയോഗം: ലാൻഡ് ലൈൻ ഫോണുകള്‍ ഉപയോഗിക്കരുത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികളുടെ ശ്രദ്ധയ്ക്ക്: അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ അനുവദിക്കരുത്. മഴക്കാറ് കാണുമ്പോള്‍ തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.

മരങ്ങള്‍: മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക. ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ ഇരിക്കുന്നത് അപകടകരമാണ്.

യാത്രക്കാർ: ഇടിമിന്നലുള്ളപ്പോള്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നത് സുരക്ഷിതമാണ്. എന്നാല്‍ കൈകാലുകള്‍ പുറത്തിടരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക