Latestകേരളം

ആംബുലൻസില്‍ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : ആംബുലൻസില്‍ നിന്നിറങ്ങി ഓടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷ ബാധ എന്നാണ് സംശയം. ഇഞ്ചക്കല്‍ ഭാഗത്ത് എത്തിയപ്പോള്‍ ആംബുലൻസിന്റെ ചില്ലുകള്‍ തകർത്തു ഇയാള്‍ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് 108 ആംബുലൻസില്‍ വിവരം അറിയിച്ചത്. വെളുപ്പിന് നാലരയോടെയാണ് രോഗിയെ നെയ്യാറ്റിൻകരയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

ഈഞ്ചക്കലെത്തിയപ്പോള്‍ രോഗി അക്രമാസക്തനാകുകയായിരുന്നു. തുടര്‍ന്ന് ആംബുലൻസിന്‍റെ ചില്ല് തകര്‍ത്ത് ഇറങ്ങി ഓടി. ജീവനക്കാര്‍ക്ക് തടയാൻ സാധിച്ചില്ല. ഓടയുടെ ഭാഗത്ത് പരിശോധന നടത്തിയപ്പോളാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആംബുലൻസിന് തൊട്ടുപിന്നാലെ രോഗിയുടെ ബന്ധുക്കളും നാട്ടുകാരുമുണ്ടായിരുന്നു. ഇവരും തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായിരുന്നതിനാല്‍ സാധിച്ചില്ല. രവീന്ദ്രൻ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നയാളാണ്. അത്തരം സാഹചര്യത്തില്‍ എപ്പോഴെങ്കിലും നായ്ക്കളില്‍ നിന്ന് പോറലോ മറ്റോ ഏറ്റിരിക്കാമെന്നാണ് പ്രാഥമിക സംശയം. മൃതദേഹം മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.