കാറിനുള്ളില്‍ അച്ഛനെയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മകൻ മരിച്ചു, അച്ഛൻ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം : കാറിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മകൻ മരിച്ചു. അച്ഛൻ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍.
പള്ളിച്ചല്‍ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനില്‍ അഖില്‍ (28) ആണ് മരിച്ചത്. അച്ഛൻ വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് പ്രാവച്ചമ്പലത്തിന് സമീപത്ത് വെച്ച് അച്ഛനെയും മകനെയും നുരയും പതയും വന്ന നിലയില്‍ നാട്ടുകാർ കണ്ടെത്തുന്നത്.
ഉടനെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖില്‍ മരണപ്പെടുകയായിരുന്നു. ഡ്രൈവറായിരുന്നു അഖില്‍. അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്. മരണ കാരണം വ്യക്തമല്ലെന്നും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും നരുവാമ്മൂട് പൊലീസ് പറഞ്ഞു.സംഭവത്തില്‍ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും വേണുഗോപാലൻ നായർ അബോധാവസ്ഥയിലായതിനാല്‍ വിവരം ഒന്നും ലഭിച്ചില്ല. മറ്റ് ബന്ധുക്കളോടുള്പ്പടെ വിവരം അന്വേഷിക്കുന്നതായി പൊലീസ് പറയുന്നു.
