Latestദേശീയം

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി പരാതി

ലക്നൗ: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി പരാതി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി.

ഏപ്രില്‍ 26 നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. മുതിർന്ന ഡോക്ടർമാരുടെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്.

സംഭവം ഗുരുതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൗശാംബി പൊലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് പറഞ്ഞു. ഡപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല.