സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; പുനര്‍മൂല്യനിര്‍ണയം നാളെ മുതല്‍ ആരംഭിക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും വെരിഫിക്കേഷനും അപേക്ഷ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. പുതിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) സംവിധാനത്തെ തുടര്‍ന്ന് പ്രതീക്ഷിച്ചതിലും കുറഞ്ഞ മാര്‍ക്ക് ലഭിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പരാതികളുടെ പശ്ചാത്തലത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിനും വെരിഫിക്കേഷനും ഈടാക്കുന്ന ഫീസ് ഗണ്യമായി കുറയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇനി ഓരോ വിഷയത്തിനും 100 രൂപ മാത്രം അടച്ചാല്‍ മതി.
പുനര്‍മൂല്യനിര്‍ണയത്തിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പുനര്‍മൂല്യനിര്‍ണയം പൂര്‍ത്തിയായ ഉത്തരക്കടലാസുകള്‍ മെയ് 26 മുതല്‍ 29 വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാനാകുമെന്നും ബോര്‍ഡ് അറിയിച്ചു.
