സ്ത്രീലമ്പടനായി എന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചു,ആലിംഗന വിവാദത്തില്‍ പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിൻ്റെ വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്.ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്നേഹത്തോടെയാണ് ആലിംഗനം ചെയ്തത്. ഇതില്‍ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവർത്തകർക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതില്‍ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണം.
പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്.
വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എൻ്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു.
അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി.
കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളർത്തി.
ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.
