Latestദേശീയം

നവവധുവിനെ ഭർതൃഗൃഹത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നവവധുവിനെ ഭർതൃഗൃഹത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ അംരോഹയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.പുഷ്‌പേന്ദ്രി ദേവിയെന്ന പത്തൊൻപതുകാരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം സ്ത്രീധനക്കൊലപാതകമാണെന്നും പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃകുടുംബവും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും പുഷ്‌പേന്ദ്രിയുടെ കുടുംബം ആരോപിച്ചു.

മരിക്കുന്നതിന് അല്‍പസമയം മുൻപ് പുഷ്‌പേന്ദ്രി, തന്റെ പിതാവിനെ വിളിക്കുകയും ഭർതൃഗൃഹത്തില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ‘അച്ഛാ അവർ എന്നെ കൊല്ലു’മെന്ന് പുഷ്‌പേന്ദ്രി പറഞ്ഞിരുന്നെന്ന് പിതാവ് ബല്‍ബീർ സിങ് പറഞ്ഞു. ഇക്കൊല്ലം ഫെബ്രുവരി 13-ാം തീയതിയാണ് പുഷ്‌പേന്ദ്രിയും ഗജ്‌റോലയിലെ ഖുമാവാലി ഗ്രാമസ്വദേശിയും കർഷകനുമായ ഓംപാലും തമ്മിലുള്ള വിവാഹം നടന്നത്.

തങ്ങളെ കൊണ്ട് കഴിയുംവിധത്തില്‍ സ്ത്രീധനം നല്‍കിയിരുന്നെന്നും എന്നാല്‍ ഓംപാലിന്റെ അസന്തുഷ്ടരായ മാതാപിതാക്കള്‍ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നെന്നും പുഷ്‌പേന്ദ്രിയുടെ കുടുംബം പറഞ്ഞു.