ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കൊച്ചി : പെരുമ്പാവൂരില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ഒരാഴ്ചയായി എമിലി ആശുപത്രിയിലുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എമിലിക്ക് ഉടൻ തന്നെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിരമിച്ച അധ്യാപകനായ ജയിംസ് തോമസും എമിലിയും ചേർന്ന് പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഹോംസ്റ്റേ നടത്തിവരികയായിരുന്നു. ദിവ്യ, ബേസില്‍ ജെയിംസ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: ദീപക് (പോത്താനിക്കാട്), ജീവ മറിയം സണ്ണി (മഴുവന്നൂർ).
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാണംകുഴിയിലെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും.
