സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തെക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്യാൻ സാധ്യത. മുൻകരുതലിൻ്റെ ഭാഗമായി ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.
എന്നാല്‍ മഴമുന്നറിയിപ്പില്ലാത്ത ജില്ലകളിലും ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിൻ്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിൻ്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയേക്കും.
കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
