സൺ റൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട് എസ്.എൻ. കോളേജിൽ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പെരിയ: അറിവാണ് ഏറ്റവും വലിയ പ്രതിരോധമെന്ന സന്ദേശവുമായി, പെരിയ എസ്.എൻ. കോളേജ് യൂണിയനും സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി കോളേജിലെ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ലത ചടങ്ങിന് സ്വാഗതം ആശംസിച്ചു. തുടർന്ന് സൺറൈസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഒ.ബി.ജി. ഡോ. കൃഷ്ണകുമാരി ക്ലാസിന് നേതൃത്വം നൽകി.
സ്തനാർബുദം മുൻകൂട്ടി കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കൃത്യമായ ആരോഗ്യ സംരക്ഷണ രീതികളെക്കുറിച്ചും അവർ വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ് എടുത്തു.
ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ നോർത്ത് ക്ലസ്റ്റർ ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ, ബിജീഷ് കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇത്തരം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനും, യുവതലമുറയിൽ ആരോഗ്യ ജാഗ്രത വളർത്താനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. യുവമനസ്സുകളെ ആരോഗ്യ ബോധമുള്ളവരാക്കുന്നത് സുരക്ഷിതമായ ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്നും, പരിപാടിക്ക് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സംഘാടകർ അറിയിച്ചു.
