കണ്ണൂരിൽ ജോലിക്കുനിന്ന വീട്ടിൽനിന്ന് 31 പവൻ സ്വർണം മോഷ്ടിച്ച് മുക്കുപണ്ടം വെച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ
ഉളിക്കൽ : ജോലിക്കുനിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 31 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം അതേ രൂപത്തിലുള്ള മുക്കുപണ്ടങ്ങൾ വെച്ച സംഭവത്തിൽ വീട്ടുജോലിക്കാരിയെ ഉളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പേര്യ പാറത്തോട്ടം സ്വദേശിനി ഉച്ചപ്പള്ളിൽ പ്രേമ (50) ആണ് അറസ്റ്റിലായത്. മണിക്കടവിലെ ന്യായപ്പള്ളി ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയിലാണ് നടപടി.
ഓരോ ആഭരണവും എടുത്തുമാറ്റിയ ശേഷം സംശയം തോന്നാതിരിക്കാൻ അതേ രൂപത്തിലുള്ള മുക്കുപണ്ടം അലമാരയിൽ പകരം വെച്ചിരുന്നു.
2023ലാണ് പ്രേമ ഈപ്പന്റെ വീട്ടിൽ ജോലിക്കെത്തിയത്. വീട്ടിലെ മുതിർന്നവരെ പരിചരിച്ച് കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്ത ഇവർ, ഈപ്പന്റെ ഭാര്യ മരിച്ച ശേഷവും അവിടെ തുടർന്നു. ഈപ്പന്റെ മകളും കുടുംബവും ബെംഗളൂരുവിലാണ് താമസം. ഇവരുടെ അസാന്നിധ്യം മുതലെടുത്തായിരുന്നു മോഷണമെന്നാണ് ആരോപണം.
വീട്ടിൽനിന്ന് സ്വർണം നഷ്ടപ്പെട്ടതായി സംശയം തോന്നിയതോടെ കുടുംബം അന്വേഷണം തുടങ്ങി. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യഥാർഥ സ്വർണാഭരണങ്ങളുടെയും അവയ്ക്ക് സമാനമായ മുക്കുപണ്ടങ്ങളുടെയും ചിത്രങ്ങൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. ഇതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
പൂജാ അവധിക്ക് ഈപ്പൻ മക്കൾക്കൊപ്പം ബെംഗളൂരുവിൽ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. തിരിച്ചെത്തിയ കുടുംബം അലമാരയും മേശയും തുറക്കാൻ താക്കോൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി വ്യക്തമായത്.
പരാതിയിൽ അന്വേഷണം നടത്തിയ ഉളിക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
