Latestകേരളം

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം. ഇന്നലെ പത്മജ വേണുഗോപാല്‍ ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു.

കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പത്മിനി തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും 4 ഃ 400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി. എന്‍ഐഎസ് ഡിപ്ലോമ നേടി റെയില്‍വേ ടീമിന്റെ പരിശീലകക്കുപ്പായത്തിലും പത്മിനി തിളങ്ങി. അര്‍ജുന അവാര്‍ഡും ജി.വി.രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ 2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ സംഘടിപ്പിച്ചു.