പാനൂരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; എട്ടാം ക്ലാസുകാരന് കല്ലേറിൽ ഗുരുതര പരിക്ക്
കണ്ണൂർ: പാനൂർ ബസ് സ്റ്റാൻഡിന് സമീപം സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
എട്ടും ഒൻപതും ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലാണ് സ്കൂൾ വിട്ട സമയത്ത് സംഘർഷമുണ്ടായത്. സ്കൂളിനുള്ളിൽ ഉണ്ടായ നിസ്സാര വാക്കുതർക്കം പിന്നീട് പുറത്തുവെച്ച് കൂട്ടത്തല്ലിലേക്ക് മാറുകയായിരുന്നു. ബസ് സ്റ്റാൻഡിന് സമീപമുള്ള മാളിനും ബൈപ്പാസ് റോഡിനും ഇടയിലുള്ള വഴിയിലായിരുന്നു സംഭവം.
സംഘർഷത്തിനിടെ ഒൻപതാം ക്ലാസ് വിദ്യാർഥികളുടെ ആക്രമണത്തിനിടെ എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേറ്റതായാണ് വിവരം. പരിക്കേറ്റ കുട്ടിയെ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് ആദ്യം പാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
