Latestകണ്ണൂര്‍

കണ്ണൂരിൽ സഹപ്രവർത്തകരുടെ ബാഗ് കീറി 1.70 ലക്ഷം രൂപ കവർന്നു; നേപ്പാൾ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: താഴെചൊവ്വയിലെ സ്ഥാപനത്തിൽ സഹപ്രവർത്തകരുടെ ബാഗുകൾ കീറി 1.70 ലക്ഷം രൂപ കവർന്ന കേസിൽ നേപ്പാൾ സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ കാഠ്മണ്ഡു സ്വദേശി അമിത് ദമായി (25) ആണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു കേസിനാസ്പദമായ മോഷണം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാൾ സ്വദേശികളുടെ ബാഗുകളിൽ നിന്നായി ആകെ 1,70,000 രൂപയാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ കീറിയാണ് പണം കവർന്നത്.

മോഷണത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ കണ്ണൂർ ടൗൺ പൊലീസിന്റെ പട്രോളിങ്ങിനിടെ കാൽടെക്സ് ഭാഗത്തുനിന്ന് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്തിന്റെ നിർദേശപ്രകാരം എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. പ്രമോദ്, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. സനൂപ് നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.