Latestകണ്ണൂര്‍കേരളം

പയ്യന്നൂരിൽ വൻ തീപിടിത്തം; ഇന്റീരിയർ സ്ഥാപനം കത്തിനശിച്ചു

കണ്ണൂർ: പയ്യന്നൂർ ബൈപ്പാസ് റോഡിലെ ഇന്റീരിയർ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. സെൽവന്റെ ഉടമസ്ഥതയിലുള്ള ടെസ്‌വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്ക്സിലാണ് ഇന്ന് പുലർച്ചെ 1.20ഓടെ തീപിടിത്തമുണ്ടായത്.

കടയിലുണ്ടായിരുന്ന സോഫകൾ, കുഷ്യൻ നിർമാണത്തിനുള്ള യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് പുകയും ചൂടും അനുഭവപ്പെട്ട് ഉണർന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർഫോഴ്സ് സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ ആർ.ആർ. ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് തീ പടരുന്നത് തടയാനും സേനയ്ക്ക് സാധിച്ചു.

പ്രാഥമിക കണക്കനുസരിച്ച് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി. ദയാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.പി. ലിജു, പി.വി. ഷൈജു, എം. അർജുൻ, ബി. കണ്ണൻ, ഹോം ഗാർഡുമാരായ എം. രാജീവൻ, കെ.എം. ഗോവിന്ദൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.