Latestകേരളം

ഗ്രൂപ്പ് ബുക്കിങിന് ഇനി പരിധിയില്ല; പുതിയ മാറ്റങ്ങളുമായി റെയില്‍വേ

വിവാഹം, പഠനയാത്രകള്‍, തീര്‍ത്ഥാടനം, കായിക-സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്കുള്ള ബള്‍ക്ക് ടിക്കറ്റ് ബുക്കിങിനായി മാറ്റിവെക്കാവുന്ന ബെര്‍ത്തുകളുടെ നിശ്ചിത പരിധി എടുത്തുകളഞ്ഞു. ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും സ്റ്റേഷന്‍ മാനേജര്‍മാര്‍ക്കും ബെര്‍ത്ത് പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിങ് അനുവദിക്കാന്‍ അധികാരമുണ്ടാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം.സ്ലീപ്പര്‍ കോച്ചുകളില്‍ നേരത്തെ ഇത് 50%വും എസി കോച്ചുകളില്‍ 33% ശതമാനവുമായിരുന്നു. ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ നിയമം ഏറെ പ്രയോജനം ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഗ്രൂപ്പ് യാത്രകള്‍ സുഗമമാക്കുന്നതിനും ബുക്കിങ് സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ പറഞ്ഞു.

പ്രധാന റിസര്‍വേഷന്‍ കൗണ്ടറുകളില്‍ രാവിലെ 9 മണി മുതല്‍ ഗ്രൂപ്പ് ബുക്കിങ് അപേക്ഷകള്‍ സ്വീകരിക്കും. സാധാരണ യാത്രക്കാര്‍ക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചതിന് ഒരു മണിക്കൂറിനു ശേഷമാണിത്. ഏത് ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

മടക്കയാത്രയ്ക്കുള്ള ബുക്കിങ് അതേ റിസര്‍വേഷന്‍ ഓഫിസില്‍ അനുവദിക്കുമെങ്കിലും അത് പ്രത്യേക ബുക്കിങ്ങായി മാത്രമായിരിക്കും പരിഗണിക്കുക. ദുരുപയോഗവും ടിക്കറ്റ് പൂഴ്ത്തിവെപ്പും തടയുന്നതിനായി അനുവദിച്ച ബുക്കിങ്ങുകള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുകയും അപേക്ഷയിലും യാത്രക്കാരുടെ പട്ടികയിലും ഉദ്യോഗസ്ഥര്‍ ഒപ്പും സീലും രേഖപ്പെടുത്തുകയും ചെയ്യും.