Latestകേരളം

ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി കേന്ദ്രസര്‍ക്കാര്‍

ആധാർ അനുബന്ധ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായുള്ള സമയം ഒരു വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ.2027 ജൂണ്‍ 14 വരെ ആധാർ ഉടമകള്‍ക്ക് myAadhaar പോർട്ടല്‍ വഴി ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള രേഖകള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത് തുടരാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. 2026 ജൂണില്‍ അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഈ സൗകര്യം myAadhaar പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ, കൂടാതെ തിരിച്ചറിയല്‍ രേഖ (PoI), വിലാസ തെളിവ് (PoA) എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ അപ്‌ഡേറ്റുകള്‍ക്ക് ഇത് ബാധകമാണ്.

ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള 25 രൂപയെന്ന നിരക്കാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍, അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാർ കേന്ദ്രങ്ങളില്‍ പോയി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാർജ് 50 രൂപയായി തുടരും. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷൻ വഴി രേഖകള്‍ പുതുക്കാം.