ലോകസഭാ തെരഞ്ഞെടുപ്പ്; വിവരങ്ങള്‍ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍നിയമ വിരുദ്ധം

കണ്ണൂർ:-തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പിവിസി ഫ്രീ- റീ സൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ക്യൂ ആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും പ്രിന്റ് ചെയ്തിരിക്കണം. ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമ വിരുദ്ധമായതിനാല്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പ്രിന്റ് ചെയ്യാനുളള മെറ്റീരിയല്‍ വില്‍ക്കുന്ന കടകള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നവയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ക്യൂ ആര്‍ കോഡ് രൂപത്തില്‍ പ്രിന്റ് ചെയ്തിരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോര്‍ഡുകളില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ കൂടി രേഖപ്പെടുത്തണം. പേപ്പര്‍, കോട്ടണ്‍, പോളിഎത്തിലിന്‍ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റര്‍മാര്‍ ഉറപ്പുവരുത്തണം. അനുവദനീയ വസ്തുക്കളില്‍ മാത്രമാണ് പ്രിന്റിങ്ങ് നടത്തുന്നതെന്നും ഉപയോഗശേഷം ബോര്‍ഡുകള്‍ തിരിച്ച് സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നുമുള്ള ബോര്‍ഡ് ഓരോ പ്രിന്റിങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിക്കണം. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനയില്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യ ഘട്ടത്തില്‍ പതിനായിരം രൂപ പിഴ ചുമത്തും.