ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയും അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മൺസൂൺ പാത അതിന്‍റെ സാധാരണ പാതയിൽ നിന്ന് തെക്കായി സ്ഥിതിചെയ്യുന്നു. ചുഴലിക്കൊടുങ്കാറ്റ് കർണാടകയിലും സമീപ പ്രദേശങ്ങളിലും നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്ത് ചക്രവാത ചുഴി നിലവിലുണ്ട്.

അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും മണിക്കൂറുകളിൽ മിതമായ മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.