ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസിന്‍റെ പല വകഭേദങ്ങളും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാവരും വാക്സിന്‍റെ മുൻകരുതൽ ഡോസ് സ്വീകരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി.

അതേസമയം ജാഗ്രത ആവശ്യമാണെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിജിഐ) കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് മേധാവി എൻ കെ അറോറ പറഞ്ഞു. ഇന്ത്യയിലെ 95 ശതമാനം ആളുകളും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർ ആയതിനാൽ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോ. അനിൽ ഗോയലും പറഞ്ഞു. ചൈനക്കാരെക്കാൾ മികച്ച പ്രതിരോധ ശേഷി ഇന്ത്യക്കാർക്ക് ഉണ്ടെന്നും ഡോ.അനിൽ ഗോയൽ പറഞ്ഞു.