Latestകേരളം

ഹരിപ്പാട് ഉറപ്പിച്ച്‌ രമേശ് ചെന്നിത്തല, മിന്നും ജയം

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 68184 വോട്ടുകള്‍ രമേശ് ചെന്നിത്തല നേടി.പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.

സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകള്‍ ലഭിച്ചപ്പോള്‍, സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാല്‍ 59,102 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകള്‍ നേടി. ഇതോടെ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയില്‍ എത്തിയത്.

2011 മുതല്‍ രമേശ് ചെന്നിത്തലയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഹരിപ്പാട് നിയോജകമണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയ്ക്ക് 67,379 വോട്ടുകള്‍ ലഭിച്ചപ്പോള്‍, സിപിഐയുടെ ജി. കൃഷ്ണപ്രസാദ് 61,858 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാർഥിയായ അജിത് ശങ്കർക്ക് അന്ന് 3,145 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2016ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 75,980 വോട്ടുകള്‍ നേടി വിജയിച്ചു. സിപിഐയുടെ പി പ്രസാദ് 57,359 വോട്ടുകള്‍ നേടി. അതേസമയം, ബിജെപി സ്ഥാനാർഥിയായ ഡി. അശ്വിനി ദേവിന് 12,985 വോട്ടുകള്‍ ലഭിക്കുകയും, അത് ആകെ വോട്ടുകളുടെ 8.72 ശതമാനമായി രേഖപ്പെടുത്തുകയും ചെയ്തു.