Latestദേശീയം

സെപ്റ്റിക് ടാങ്കില്‍ വിഷവാതകം ശ്വസിച്ച്‌ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു

ഒഡിഷയില്‍ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിനുള്ളില്‍ വിഷവാതകം ശ്വസിച്ച്‌ ആറ് പേർ ശ്വാസംമുട്ടി മരിച്ചു.നിർമാണ തൊഴിലാളിയായ നിമായ് പാല്‍ (48), അദ്ദേഹത്തിന്റെ മകൻ ആകാശ് പാല്‍ (28), മേസ്തിരിമാരായ അദല്‍ മാഝി, മനോരഞ്ജൻ ഹാതി, ഛന്ദ ജല്‍, നിർമാണ തൊഴിലാളി ബിപുല്‍ ജല്‍ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റൊരു തൊഴിലാളിയായ പങ്കജ് യാനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പകല്‍ കലഹണ്ടി ജില്ലയിലെ ഗൗഡ കാർലഖുന്ത ഗ്രാമത്തിലാണ് സംഭവം. സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണത്തിനിടെ നിർമ്മാതാവ് അബദ്ധത്തില്‍ ടാങ്കിനുള്ളില്‍ വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് അഞ്ച് പേരും കൂടി ടാങ്കിലേക്ക് ഇറങ്ങിയതും അപകടത്തില്‍പ്പെട്ടതും.